Saturday, 10 October 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ-ശ്ലോകം-03

ശ്ലോകം-03

പാശ്യൈതാം പാണ്ഡുപുത്രാണാ-
മാചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ

കൗരവ പടയുടെ തലവനായ ദുര്യോധനന്‍ ദ്രോണാചാര്യരോട് തുടര്‍ന്നു, ഹേ ആചാര്യ, അങ്ങയുടെ ബുദ്ധിമാനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്‌നന്‍ ഒരുക്കിയ പാണ്ഡവന്മാരുടെ മഹത്തായ സൈന്യവ്യൂഹത്തെ ദര്‍ശിച്ചാലും.

ദുര്യോധനന്‍ തന്റെ ആചാര്യന്മാരോടുള്ള ശകാരം തുടരുകയാണ്. ഒരു ആക്ഷേപ ഹാസ്യത്തിലൂടെ ദ്രോണരുടെ മനസ്സ് മുറിപ്പെടുത്താനുള്ള ദുര്യോധന്റെ ശ്രമമാണ് ഈ വാക്കുകളിലൂടെ പുറത്ത് വരുന്നത്. ദ്രുപദനും പുത്രനായ ധൃഷ്ടദ്യുമ്‌നനും ദ്രോണാചാര്യരുടെ ആജന്മ ശത്രുക്കളാണ്. ദ്രുപദപുത്രനെ ബുദ്ധിമാനെന്ന് വിശേഷിപ്പിച്ചും, അയാളുടെ നേത്യത്വത്തില്‍ ചമച്ചിരിക്കുന്ന പാണ്ഡവ സേനാവ്യൂഹം മഹത്തുമാണ് എന്ന പരിഹാസ വാക്കുകളിലൂടെ, ദ്രോണാചര്യര്‍ക്ക് ദ്രുപതനോടും പുത്രനോടുമുള്ള വിദ്വേഷം ഊതിക്കത്തിക്കുകയാണ്. കൊല്ലാന്‍ മുന്നില്‍ വന്നുനില്ക്കുന്നത് സ്വന്തം ശിഷ്യനും ആജന്മശത്രുവുമാണ് എന്ന് ദ്രോണര്‍ക്ക് മനസ്സിലാക്കുവാനുള്ള വിവേകമുണ്ടന്നിരിക്കേ പരിഹാസ വാക്കുകളിലൂടെ പാണ്ഡവ സൈന്യത്തിനെതിരേ ആചാര്യനെ മാറ്റിയെടുക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്.

പദാനുപ
തർജ്ജമ

പാശ്യൈതാം-കണ്ടാലും
പാണ്ഡുപുത്രാണാ-പാണ്ഡുപുത്രന്മാർ (പാണ്ഡവർ)
മാചാര്യ-ആചാര്യ
മഹതീം-മഹത്തായ
ചമൂം-ഈ സൈന്യത്തെ
വ്യൂഢാം-ക്രമമായ് നിൽക്കുന്ന
ദ്രുപദപുത്രേണ-ദ്രുപദരാജകുമാരനാൽ
തവ-അങ്ങയുടെ
ശിഷ്യേണ-ശിഷ്യനായ
ധീമതാ-അതിബുദ്ധിശാലിയായ

Thursday, 1 October 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ

ശ്ലോകം-02

സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്

സഞ്ജയന്‍ പറഞ്ഞു: യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍, രാജപ്രൗഡിയോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-

വളരെ രസകരമായ സന്ദര്‍ഭമാണിത്. തലയിരിക്കുമ്പോള്‍ വാലാടുക എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട്, ഗുരുവിനെ വിദ്യ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കാണാന്‍ കഴിയുക. രാജാവെന്ന അധികാരത്തോടെ, യജമാനഭാവത്തില്‍, ആചാര്യനെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദ്രോണര്‍ എന്നല്ല, മറിച്ച് ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു പരിഹാസം മറഞ്ഞിരിപ്പുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യ ബുദ്ധിക്ക്, ആ തിന്മയ്ക്ക് കീഴ്വഴങ്ങേണ്ടിവരും എന്നുമാത്രമല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം അനുസരിക്കേണ്ടിയും വരും എന്ന ഒരു ഗുണപാഠം ഇതില്‍ വ്യാസന്‍ ഗൂഡമായ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്.


ഭീഷ്മ പിതാമഹന്‍ ഉള്‍പ്പെടെ ദ്രോണാചാര്യരെയും, ക്യപാചാര്യരെയും എല്ലാം തിന്മ തെന്റെ ചൊല്‍‌പടിക്ക് നിര്‍ത്തിയിരിക്കുന്നു എന്ന നര്‍മ്മത്തിലൂടെ ദുര്യോധനനെ പരിഹസിക്കയാണ് വ്യാസന്‍. രജോഗുണത്തിന്റെ പേരില്‍ തിന്മയുടെ ഒപ്പം നില്‍ക്കേണ്ടി വന്നതിനുള്ള ശിക്ഷ അവര്‍ ഓരോരുത്തരും അനുഭവിച്ചു തുടങ്ങുകയാണ്. ആചാര്യ നിന്ദയിലൂടെ ദുര്യോധനന്റെ തനതു സ്വഭാവവും അഹങ്കാരവും തുടക്കത്തില്‍ തന്നെ വരച്ചുകാട്ടുന്നതിലൂടെ എവിടയും എല്ലാക്കാലത്തും എല്ലാ യുദ്ധഭൂവിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതായിരിക്കുമന്നും വ്യാസന്‍ വ്യക്തമാക്കുന്നു.

സയന്റിഫിക്കായ ഒരു തത്വം ഇതിലൂടെ വ്യാസന്‍ പ്രസ്ഥാവിക്കുന്നു. ഏതൊരു മൂലകവും, എക്സൈറ്റഡ് സ്റ്റേറ്റില്‍ അതിന്റെ സ്വഭാവഗുണങ്ങള്‍ക്ക് അനുസരിച്ചുള്ള ഫ്രീക്വന്‍സിയില്‍ യുണീക്കായ ഊര്‍ജ്ജം ചുറ്റുമുള്ള അതിന്റെ പ്രഭാമണ്ഡലത്തിലേക്ക് പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ഒരോ വ്യക്തിയും അവന്റെ അധികാര പരിധിയിലേക്ക് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കുന്നുണ്ട്. ആ ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യം വ്യക്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരേ തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജ സ്രോതസുകള്‍ തമ്മില്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. കുരുക്ഷേത്രഭൂമിയിലും ഇതുതന്നെയാണ് സംഭവിക്കപ്പെടുന്നത്. ദുര്യോധനന്റെ വാക്കുകളിലൂടെ ഊര്‍ജ്ജങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള വുത്യാസം വെളിവാക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി കുരുക്ഷേത്ര ഭൂമിയാകെ വ്യാപിപ്പിക്കുകയും അതുവഴി, എല്ലാ യുദ്ധഭൂവിലും ആദ്യം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം തിന്മയുടേതാണന്ന സനാതന സത്യം ഉദ്ഘോഷിക്കയുമാണ് ചെയ്യുന്നത്.