Saturday, 10 October 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ-ശ്ലോകം-03

ശ്ലോകം-03

പാശ്യൈതാം പാണ്ഡുപുത്രാണാ-
മാചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ

കൗരവ പടയുടെ തലവനായ ദുര്യോധനന്‍ ദ്രോണാചാര്യരോട് തുടര്‍ന്നു, ഹേ ആചാര്യ, അങ്ങയുടെ ബുദ്ധിമാനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്‌നന്‍ ഒരുക്കിയ പാണ്ഡവന്മാരുടെ മഹത്തായ സൈന്യവ്യൂഹത്തെ ദര്‍ശിച്ചാലും.

ദുര്യോധനന്‍ തന്റെ ആചാര്യന്മാരോടുള്ള ശകാരം തുടരുകയാണ്. ഒരു ആക്ഷേപ ഹാസ്യത്തിലൂടെ ദ്രോണരുടെ മനസ്സ് മുറിപ്പെടുത്താനുള്ള ദുര്യോധന്റെ ശ്രമമാണ് ഈ വാക്കുകളിലൂടെ പുറത്ത് വരുന്നത്. ദ്രുപദനും പുത്രനായ ധൃഷ്ടദ്യുമ്‌നനും ദ്രോണാചാര്യരുടെ ആജന്മ ശത്രുക്കളാണ്. ദ്രുപദപുത്രനെ ബുദ്ധിമാനെന്ന് വിശേഷിപ്പിച്ചും, അയാളുടെ നേത്യത്വത്തില്‍ ചമച്ചിരിക്കുന്ന പാണ്ഡവ സേനാവ്യൂഹം മഹത്തുമാണ് എന്ന പരിഹാസ വാക്കുകളിലൂടെ, ദ്രോണാചര്യര്‍ക്ക് ദ്രുപതനോടും പുത്രനോടുമുള്ള വിദ്വേഷം ഊതിക്കത്തിക്കുകയാണ്. കൊല്ലാന്‍ മുന്നില്‍ വന്നുനില്ക്കുന്നത് സ്വന്തം ശിഷ്യനും ആജന്മശത്രുവുമാണ് എന്ന് ദ്രോണര്‍ക്ക് മനസ്സിലാക്കുവാനുള്ള വിവേകമുണ്ടന്നിരിക്കേ പരിഹാസ വാക്കുകളിലൂടെ പാണ്ഡവ സൈന്യത്തിനെതിരേ ആചാര്യനെ മാറ്റിയെടുക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്.

പദാനുപ
തർജ്ജമ

പാശ്യൈതാം-കണ്ടാലും
പാണ്ഡുപുത്രാണാ-പാണ്ഡുപുത്രന്മാർ (പാണ്ഡവർ)
മാചാര്യ-ആചാര്യ
മഹതീം-മഹത്തായ
ചമൂം-ഈ സൈന്യത്തെ
വ്യൂഢാം-ക്രമമായ് നിൽക്കുന്ന
ദ്രുപദപുത്രേണ-ദ്രുപദരാജകുമാരനാൽ
തവ-അങ്ങയുടെ
ശിഷ്യേണ-ശിഷ്യനായ
ധീമതാ-അതിബുദ്ധിശാലിയായ

Thursday, 1 October 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ

ശ്ലോകം-02

സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്

സഞ്ജയന്‍ പറഞ്ഞു: യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍, രാജപ്രൗഡിയോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-

വളരെ രസകരമായ സന്ദര്‍ഭമാണിത്. തലയിരിക്കുമ്പോള്‍ വാലാടുക എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട്, ഗുരുവിനെ വിദ്യ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കാണാന്‍ കഴിയുക. രാജാവെന്ന അധികാരത്തോടെ, യജമാനഭാവത്തില്‍, ആചാര്യനെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദ്രോണര്‍ എന്നല്ല, മറിച്ച് ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു പരിഹാസം മറഞ്ഞിരിപ്പുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യ ബുദ്ധിക്ക്, ആ തിന്മയ്ക്ക് കീഴ്വഴങ്ങേണ്ടിവരും എന്നുമാത്രമല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം അനുസരിക്കേണ്ടിയും വരും എന്ന ഒരു ഗുണപാഠം ഇതില്‍ വ്യാസന്‍ ഗൂഡമായ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്.


ഭീഷ്മ പിതാമഹന്‍ ഉള്‍പ്പെടെ ദ്രോണാചാര്യരെയും, ക്യപാചാര്യരെയും എല്ലാം തിന്മ തെന്റെ ചൊല്‍‌പടിക്ക് നിര്‍ത്തിയിരിക്കുന്നു എന്ന നര്‍മ്മത്തിലൂടെ ദുര്യോധനനെ പരിഹസിക്കയാണ് വ്യാസന്‍. രജോഗുണത്തിന്റെ പേരില്‍ തിന്മയുടെ ഒപ്പം നില്‍ക്കേണ്ടി വന്നതിനുള്ള ശിക്ഷ അവര്‍ ഓരോരുത്തരും അനുഭവിച്ചു തുടങ്ങുകയാണ്. ആചാര്യ നിന്ദയിലൂടെ ദുര്യോധനന്റെ തനതു സ്വഭാവവും അഹങ്കാരവും തുടക്കത്തില്‍ തന്നെ വരച്ചുകാട്ടുന്നതിലൂടെ എവിടയും എല്ലാക്കാലത്തും എല്ലാ യുദ്ധഭൂവിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതായിരിക്കുമന്നും വ്യാസന്‍ വ്യക്തമാക്കുന്നു.

സയന്റിഫിക്കായ ഒരു തത്വം ഇതിലൂടെ വ്യാസന്‍ പ്രസ്ഥാവിക്കുന്നു. ഏതൊരു മൂലകവും, എക്സൈറ്റഡ് സ്റ്റേറ്റില്‍ അതിന്റെ സ്വഭാവഗുണങ്ങള്‍ക്ക് അനുസരിച്ചുള്ള ഫ്രീക്വന്‍സിയില്‍ യുണീക്കായ ഊര്‍ജ്ജം ചുറ്റുമുള്ള അതിന്റെ പ്രഭാമണ്ഡലത്തിലേക്ക് പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ഒരോ വ്യക്തിയും അവന്റെ അധികാര പരിധിയിലേക്ക് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കുന്നുണ്ട്. ആ ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യം വ്യക്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരേ തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജ സ്രോതസുകള്‍ തമ്മില്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. കുരുക്ഷേത്രഭൂമിയിലും ഇതുതന്നെയാണ് സംഭവിക്കപ്പെടുന്നത്. ദുര്യോധനന്റെ വാക്കുകളിലൂടെ ഊര്‍ജ്ജങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള വുത്യാസം വെളിവാക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി കുരുക്ഷേത്ര ഭൂമിയാകെ വ്യാപിപ്പിക്കുകയും അതുവഴി, എല്ലാ യുദ്ധഭൂവിലും ആദ്യം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം തിന്മയുടേതാണന്ന സനാതന സത്യം ഉദ്ഘോഷിക്കയുമാണ് ചെയ്യുന്നത്.

Monday, 28 September 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ-ശ്ലോകം-01

ശ്ലോകം-01

ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ

ധൃതരാഷ്ട്രര്‍ ചോദിച്ചു - സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി അണിനിരന്നിരിക്കുന്ന എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?

ഭാരത രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ധ്യതരാഷ്ട്രരുടെ സഹായിയാണ് സഞ്ജയന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്. ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്ര ഭൂവില്‍ ധ്യതരാഷ്ട്രരുടെ മക്കളായ കൗരവരും, ധ്യതരാഷ്ട്രരുടെ അനുജനായ പാണ്ഡുവിന്റെ മക്കളായ പാണ്ഡവന്മാരും യുദ്ധത്തിനായ് അണിനിരന്നിരിക്കയാണ്. ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരിക്കുന്ന അന്ധനായ ചക്രവര്‍ത്തി ധ്യതരാഷ്ട്രര്‍ക്ക്, കണ്ണെത്താദൂരത്തുള്ള കുരുക്ഷേത്ര ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍, ദ്യഷ്ടി ഗോചരമല്ലാത്തതുള്‍പ്പെടയുള്ള എല്ലാവിധമായ കാഴ്ചകളും കാണാന്‍ കഴിവുള്ളവനായ സ്ഞ്ജയന്‍ വിവരിച്ചു നല്‍കുകയാണ്.

ഇവിടെ ആദ്യ പാദത്തില്‍ ക്ഷേത്രേ എന്ന പദം രണ്ടുതവണ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രം എന്നാല്‍ ശരീരം എന്നാണ് അര്‍ത്ഥം. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' എന്ന് പതിമൂന്നാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

ഭഗവത് ഗീത ആരംഭിക്കുന്നതുതു തന്നെ അത്യാധുനികമായ സയന്റിഫിക് തത്വങ്ങളോടയാണ്. ഹസ്തിനപുരിയില്‍ ധ്യതരാഷ്ട്രരുടെ അടുത്തിരിക്കുന്ന സഞ്ജയന്‍ ദൂരദര്‍ശിനിയന്ന ശാസ്ത്രതത്വത്തിലൂടയാണ് കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന കാര്യങ്ങള്‍ ദര്‍ശിച്ച് വിവരിക്കുന്നത്. സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി ക്യത്യമായ വിവരണത്തിലൂടെ കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങളുടെ തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍‌വ്വഹിക്കയാണ്.

കുരുക്ഷേത്ര ഭൂവില്‍ അണിനിരന്നിരിക്കുന്ന യോദ്ധാക്കള്‍, സയന്‍സിലെ ഗയിം തിയറി പ്രയോഗിക്കാന്‍ തയ്യാറായി രണ്ടു ചേരികളിലായ് നിലകൊള്ളുകയാണ്. മുന്നേകൂട്ടി തയ്യാറാക്കി, ഇരു ചേരികളും അംഗീകരിച്ച് നിയമാവലികളില്‍ തുടങ്ങുന്ന ഈ യുദ്ധം ഗയിം തിയറി അനുസരിച്ച് ഒരു കോ-ഓപ്പറേറ്റീവ് (co-operative) ഗയിം ആണ്. ആരു ജയിക്കും, ആരു തോല്‍ക്കും എന്നത്, എതിര്‍ ചേരിയുടെ നീക്കങ്ങളെ മുന്നേകൂട്ടി കാണാനും, അതിനെ ഖണ്ഡിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. ബുദ്ധിയും ശക്തിയും പണവും എറിഞ്ഞുകൊണ്ടുള്ള കളി. മാമകാഃ പാണ്ഡവാശ്ചൈവ, കിമകുര്‍വത (എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്) എന്ന ചോദ്യം പരമപ്രധാനമാകുന്നത് അതുകൊണ്ടാണ്. എതിര്‍ ചേരിയുടെ നീക്കം അറിഞ്ഞുകൊണ്ടാണോ തന്റെ ചേരി മുന്നേറുന്നത് എന്നറിയാനുള്ള കോ-ഓപ്പറേറ്റീവ് തലവന്മാരുടെ ആകാംക്ഷയാണ് ഈ പാദത്തില്‍ കാണാന്‍ കഴിയുന്നത്. ആദ്യം ആര് എന്തു ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും വിജയത്തിലേക്കുള്ള പോക്ക്.

പദാനുപദ തർജ്ജമ

ധൃതരാഷ്ട്ര ഉവാച-ധൃതരാഷ്ട്രർ പറഞ്ഞു
ധര്‍മക്ഷേത്രേ-ധർമ്മത്തിന്റെ സ്ഥലമായ
കുരുക്ഷേത്രേ-കുരുക്ഷേത്രഭൂമിയിൽ
സമവേതാ-ചേർന്ന്
യുയുത്സവഃ-യുദ്ധം ചെയ്യാൻ തയ്യാറിയിനിൽക്കുന്ന
മാമകാഃ-നമ്മുടെ ആളുകളും
പാണ്ഡവാശ്ചൈവ-പാണ്ഡവന്മാരും
കിമകുര്‍വത-എന്തു ചെയ്യുന്നു
സഞ്ജയ-അല്ലയോ സഞ്ജയാ

Sunday, 27 September 2009

ശ്രീമദ് ഭഗവദ് ഗീത-ഒരു മുഖവുര

......ഭാരത ഇതിഹാസങ്ങളിലൊന്നായ, മഹാഭാരതത്തിലെ, ദൈവ്വത്തിന്റെ ഗീതം അഥവാ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യ ഭാഗങ്ങളാണ്‌ ഭഗവദ് ഗീത എന്നറിയപ്പെടുന്നത്. പാണ്ഡവരില്‍ മൂന്നാമനും, വില്ലാളി വീരനുമായ അര്‍ജ്ജുനനും, സാരഥിയായ ഭഗാവാന്‍ ശ്രീക്യഷ്ണനും തമ്മിലുള്ള സരസ സംഭാഷണളിലൂടെ, ഭഗവാന്‍ ലോകത്തിനു മുഴുവന്‍ ജ്ഞാനോപദേശം നല്‍കുന്ന രൂപത്തിലാണ് ഭഗവദ് ഗീത അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

മഹാഭാരതത്തിലെ ഭീഷ്മ പര്‍വ്വത്തില്‍ 25 മുതല്‍ 43 വരെയുള്ള അദ്ധ്യായങ്ങളിലായി വ്യാസമഹര്‍ഷി ക്രോഡീകരിച്ചിരിക്കുന്ന കാവ്യത്തിന്, കര്‍‍മ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങളിലോരോന്നിലുമായ്, ആറ് അധ്യായങ്ങള്‍ വീതമാണുള്ളത്. പതിനെട്ട് അധ്യായങ്ങളിലായ് അനുഷ്ടുഭ വൃത്തത്തിലെഴുതിയ എഴുനൂറ്റി ഒന്ന് ശ്ലോകങ്ങളാണ് ഭഗവത് ഗീതയിലുള്ളതങ്കിലും, പതിമൂന്നാം അധ്യായത്തിലെ ഒരു ശ്ലോകം ഒഴിവാക്കി എഴുനൂറ് ശ്ലോകങ്ങളന്നാണ് പരക്കെ അറിയപ്പെടുന്നത്.


കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറായി, യുദ്ധമുഖത്ത് സൈന്യത്തെ വിന്യസിച്ച് നിലയുറപ്പിച്ച അര്‍ജ്ജുനന്‍, ബന്ധുക്കളും, ഗുരുക്കന്മാരും ഉള്‍ക്കൊള്ളുന്ന ശത്രുപക്ഷത്തോട് ഏറ്റുമുട്ടുവാന്‍ വൈമനസ്യം കാട്ടി‍,

'ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ,
ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച'

എന്ന് വിലപിക്കുമ്പോള്‍, അര്‍ജ്ജുനനെ യുദ്ധോത്സുകനാക്കാന്‍ കൃഷ്ണന്‍ നല്‍കുന്ന സാരോപദേശമാണ് ഭഗവദ് ഗീത. കാതങ്ങള്‍ക്കപ്പുറത്ത്, കൊട്ടാരത്തിലിരിക്കുന്ന ധ്യതരാഷ്ട്രര്‍ക്ക്, യുദ്ധം കാണുവാന്‍ ദിവ്യ ദൃഷ്ടി ലഭിച്ച സഞ്ജയന്‍, കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുന്നതായാണ് ഗീത അവതരിപ്പിച്ചിരിക്കുന്നത്.

സര്‍‌വോപനിഷദോ ഗാവോ, ദോഗ്ദ്ധാ ഗോപാലനന്ദന:
പാര്‍ഥോ വത്സ: സുധീര്‍ഭോക്താ, ദുഗ്ദ്ധം ഗീതാമൃതം മഹത്

ഉപനിഷത്തുകളാകുന്ന പശുക്കളില്‍ നിന്ന്, അര്‍ജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഭഗവാന്‍ ക്യഷ്ണന്‍ കറന്നെടുത്ത പാലാണ് മഹത്തായ ഗീതാമൃതമെന്ന് ഇത് വിവക്ഷിക്കുന്നു. ഉപനിഷത്തുക്കളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തില്‍ ഗീതയില്‍ അവതരിപ്പിച്ചിരിക്കുന്നതായ് കാണാം. അതിനാല്‍ ഉപനിഷത്തുക്കളുടെ സംഗ്രഹമാണ് ഗീത എന്ന് പൊതുവേ അഭിപ്രായപ്പെടുന്നു. ചരിത്രവും ഇതിനെ ഉപനിഷത്തുകളുമായ് കൂട്ടികെട്ടുന്നു. അത് എന്തു തന്നയായാലും ഇവിടെ പ്രദിപാദ്യമല്ല.

ഭഗവദ് ഗിത പഠിക്കണമന്നുള്ള അതിയായ ആഗ്രഹം കൊണ്ട്, അല്പജ്ഞാനത്തിന്റെ ബലത്തില്‍ മഹത്തായ ഭഗവദ് ഗീതക്ക് ഒരു തര്‍ജ്ജമ എഴുതാനുള്ള ശ്രമത്തിലാണ്. സംസ്ക്യത ഭാഷ പാണ്ഡിത്യമോ, ഗീതാ ജ്ഞാനമോ ഒന്നും തന്നെ ഇല്ല എന്നതിനാല്‍ ഇത് എത്രത്തോളം വിജയകരമായിരിക്കുമന്ന് പറയാവതല്ല. തെറ്റുകളും കുറ്റങ്ങളും ഒരു പാട് ഉണ്ടായിരിക്കും. ചിലപ്പോള്‍ ബാലിശമായ ഒരു എടുത്തുചാട്ടമായിരിക്കാം ഇത്. എങ്കിലും ഭജഗോവിന്ദത്തിനും ഭഗവദ് ഗീതക്കും ഒരു വ്യാഖ്യാനം എഴുതുക എന്നത് ഒരു ജീവിതാഭിലാഷമായ് കരുതുന്നതിനാല്‍ ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടുകയാണ്. മുപ്പത് ശ്ലോകങ്ങളുള്ള ഭജഗോവിന്ദത്തിന് എന്നെ കൊണ്ട് കഴിയും വിധം ഒരു ആഖ്യായിക എഴുതാന്‍ കഴിഞ്ഞു എന്നത് എന്നെ സന്തോഷിപ്പിക്കുന്നുവങ്കിലും, എഴുനൂറ് ശ്ലോകങ്ങളുള്ള ഭഗവദ് ഗീത എത്രത്തോളം വഴങ്ങുമന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും ഗീതയില്‍ പറയുമ്പോലെ

'യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ,
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ'

എന്ന ക്യഷ്ണന്റെ ഉപദേശത്തിന്റെ നിഴലില്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണ്. ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കിലെടുത്താലും ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ എടുക്കും.

മലയാളത്തില്‍ ഇന്നോളം ഭഗവദ് ഗീത വ്യാഖ്യാനത്തോട് കൂടി ഓണ്‍ലൈനില്‍ ലഭ്യമല്ല എന്ന അറിവുകൂടിയാണ് ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. ഭഗവദ് ഗീതക്ക്, കാലഘട്ടത്തിന്‌ അനുസ്യതമായ്, പലരും പല വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ചമച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ വിഭിന്നമായ്, സാങ്കേതികത്വത്തിന്റെയും സയന്‍സിന്റെയും കോ-ഓപ്പറേറ്റീവ് (co-operative) സംസ്കാരത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ഒരു ശ്രമംകൂടിയാണിത്. എന്റെ ഭാഷയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഴിവതും ലളിതമായ മലയാളത്തില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നുവങ്കിലും, സാങ്കേതിക വിദ്യയുടേയും സയന്‍സിന്റെ സങ്കേതത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ധാരളമായ് ആംഗലേയത്തിന്റെ കടന്നുകയറ്റം കണ്ടേക്കാം. ഭാഷാക്ഞാനമുള്ളവര്‍ അതു തിരുത്തുമന്നു ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണത്തോടുകൂടു മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അത് പൂര്‍ണ്ണമായും നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദ്യാരംഭ ദിവസമായ വിജയദശമിനാളില്‍, അതിന് ഒരു തുടക്കം കുറിക്കയാണ്. വിമര്‍ശനങ്ങള്‍ക്കപ്പുറം തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുമന്ന വിശ്വാസത്തോടെ

സസ്നേഹം പ്രശാന്ത് ആര്‍ ക്യഷ്ണ