Sunday 27 September 2009

ശ്രീമദ് ഭഗവദ് ഗീത-ഒരു മുഖവുര

......ഭാരത ഇതിഹാസങ്ങളിലൊന്നായ, മഹാഭാരതത്തിലെ, ദൈവ്വത്തിന്റെ ഗീതം അഥവാ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യ ഭാഗങ്ങളാണ്‌ ഭഗവദ് ഗീത എന്നറിയപ്പെടുന്നത്. പാണ്ഡവരില്‍ മൂന്നാമനും, വില്ലാളി വീരനുമായ അര്‍ജ്ജുനനും, സാരഥിയായ ഭഗാവാന്‍ ശ്രീക്യഷ്ണനും തമ്മിലുള്ള സരസ സംഭാഷണളിലൂടെ, ഭഗവാന്‍ ലോകത്തിനു മുഴുവന്‍ ജ്ഞാനോപദേശം നല്‍കുന്ന രൂപത്തിലാണ് ഭഗവദ് ഗീത അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

മഹാഭാരതത്തിലെ ഭീഷ്മ പര്‍വ്വത്തില്‍ 25 മുതല്‍ 43 വരെയുള്ള അദ്ധ്യായങ്ങളിലായി വ്യാസമഹര്‍ഷി ക്രോഡീകരിച്ചിരിക്കുന്ന കാവ്യത്തിന്, കര്‍‍മ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങളിലോരോന്നിലുമായ്, ആറ് അധ്യായങ്ങള്‍ വീതമാണുള്ളത്. പതിനെട്ട് അധ്യായങ്ങളിലായ് അനുഷ്ടുഭ വൃത്തത്തിലെഴുതിയ എഴുനൂറ്റി ഒന്ന് ശ്ലോകങ്ങളാണ് ഭഗവത് ഗീതയിലുള്ളതങ്കിലും, പതിമൂന്നാം അധ്യായത്തിലെ ഒരു ശ്ലോകം ഒഴിവാക്കി എഴുനൂറ് ശ്ലോകങ്ങളന്നാണ് പരക്കെ അറിയപ്പെടുന്നത്.


കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറായി, യുദ്ധമുഖത്ത് സൈന്യത്തെ വിന്യസിച്ച് നിലയുറപ്പിച്ച അര്‍ജ്ജുനന്‍, ബന്ധുക്കളും, ഗുരുക്കന്മാരും ഉള്‍ക്കൊള്ളുന്ന ശത്രുപക്ഷത്തോട് ഏറ്റുമുട്ടുവാന്‍ വൈമനസ്യം കാട്ടി‍,

'ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ,
ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച'

എന്ന് വിലപിക്കുമ്പോള്‍, അര്‍ജ്ജുനനെ യുദ്ധോത്സുകനാക്കാന്‍ കൃഷ്ണന്‍ നല്‍കുന്ന സാരോപദേശമാണ് ഭഗവദ് ഗീത. കാതങ്ങള്‍ക്കപ്പുറത്ത്, കൊട്ടാരത്തിലിരിക്കുന്ന ധ്യതരാഷ്ട്രര്‍ക്ക്, യുദ്ധം കാണുവാന്‍ ദിവ്യ ദൃഷ്ടി ലഭിച്ച സഞ്ജയന്‍, കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുന്നതായാണ് ഗീത അവതരിപ്പിച്ചിരിക്കുന്നത്.

സര്‍‌വോപനിഷദോ ഗാവോ, ദോഗ്ദ്ധാ ഗോപാലനന്ദന:
പാര്‍ഥോ വത്സ: സുധീര്‍ഭോക്താ, ദുഗ്ദ്ധം ഗീതാമൃതം മഹത്

ഉപനിഷത്തുകളാകുന്ന പശുക്കളില്‍ നിന്ന്, അര്‍ജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഭഗവാന്‍ ക്യഷ്ണന്‍ കറന്നെടുത്ത പാലാണ് മഹത്തായ ഗീതാമൃതമെന്ന് ഇത് വിവക്ഷിക്കുന്നു. ഉപനിഷത്തുക്കളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തില്‍ ഗീതയില്‍ അവതരിപ്പിച്ചിരിക്കുന്നതായ് കാണാം. അതിനാല്‍ ഉപനിഷത്തുക്കളുടെ സംഗ്രഹമാണ് ഗീത എന്ന് പൊതുവേ അഭിപ്രായപ്പെടുന്നു. ചരിത്രവും ഇതിനെ ഉപനിഷത്തുകളുമായ് കൂട്ടികെട്ടുന്നു. അത് എന്തു തന്നയായാലും ഇവിടെ പ്രദിപാദ്യമല്ല.

ഭഗവദ് ഗിത പഠിക്കണമന്നുള്ള അതിയായ ആഗ്രഹം കൊണ്ട്, അല്പജ്ഞാനത്തിന്റെ ബലത്തില്‍ മഹത്തായ ഭഗവദ് ഗീതക്ക് ഒരു തര്‍ജ്ജമ എഴുതാനുള്ള ശ്രമത്തിലാണ്. സംസ്ക്യത ഭാഷ പാണ്ഡിത്യമോ, ഗീതാ ജ്ഞാനമോ ഒന്നും തന്നെ ഇല്ല എന്നതിനാല്‍ ഇത് എത്രത്തോളം വിജയകരമായിരിക്കുമന്ന് പറയാവതല്ല. തെറ്റുകളും കുറ്റങ്ങളും ഒരു പാട് ഉണ്ടായിരിക്കും. ചിലപ്പോള്‍ ബാലിശമായ ഒരു എടുത്തുചാട്ടമായിരിക്കാം ഇത്. എങ്കിലും ഭജഗോവിന്ദത്തിനും ഭഗവദ് ഗീതക്കും ഒരു വ്യാഖ്യാനം എഴുതുക എന്നത് ഒരു ജീവിതാഭിലാഷമായ് കരുതുന്നതിനാല്‍ ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടുകയാണ്. മുപ്പത് ശ്ലോകങ്ങളുള്ള ഭജഗോവിന്ദത്തിന് എന്നെ കൊണ്ട് കഴിയും വിധം ഒരു ആഖ്യായിക എഴുതാന്‍ കഴിഞ്ഞു എന്നത് എന്നെ സന്തോഷിപ്പിക്കുന്നുവങ്കിലും, എഴുനൂറ് ശ്ലോകങ്ങളുള്ള ഭഗവദ് ഗീത എത്രത്തോളം വഴങ്ങുമന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും ഗീതയില്‍ പറയുമ്പോലെ

'യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ,
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ'

എന്ന ക്യഷ്ണന്റെ ഉപദേശത്തിന്റെ നിഴലില്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണ്. ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കിലെടുത്താലും ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ എടുക്കും.

മലയാളത്തില്‍ ഇന്നോളം ഭഗവദ് ഗീത വ്യാഖ്യാനത്തോട് കൂടി ഓണ്‍ലൈനില്‍ ലഭ്യമല്ല എന്ന അറിവുകൂടിയാണ് ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. ഭഗവദ് ഗീതക്ക്, കാലഘട്ടത്തിന്‌ അനുസ്യതമായ്, പലരും പല വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ചമച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ വിഭിന്നമായ്, സാങ്കേതികത്വത്തിന്റെയും സയന്‍സിന്റെയും കോ-ഓപ്പറേറ്റീവ് (co-operative) സംസ്കാരത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ഒരു ശ്രമംകൂടിയാണിത്. എന്റെ ഭാഷയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഴിവതും ലളിതമായ മലയാളത്തില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നുവങ്കിലും, സാങ്കേതിക വിദ്യയുടേയും സയന്‍സിന്റെ സങ്കേതത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ധാരളമായ് ആംഗലേയത്തിന്റെ കടന്നുകയറ്റം കണ്ടേക്കാം. ഭാഷാക്ഞാനമുള്ളവര്‍ അതു തിരുത്തുമന്നു ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണത്തോടുകൂടു മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അത് പൂര്‍ണ്ണമായും നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദ്യാരംഭ ദിവസമായ വിജയദശമിനാളില്‍, അതിന് ഒരു തുടക്കം കുറിക്കയാണ്. വിമര്‍ശനങ്ങള്‍ക്കപ്പുറം തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുമന്ന വിശ്വാസത്തോടെ

സസ്നേഹം പ്രശാന്ത് ആര്‍ ക്യഷ്ണ

4 comments:

  1. നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണത്തോടുകൂടു മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അത് പൂര്‍ണ്ണമായും നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കയാണ്. വിദ്യാരംഭ ദിവസമായ വിജയദശമിനാളില്‍, അതിന് ഒരു തുടക്കം കുറിക്കയാണ്. വിമര്‍ശനങ്ങള്‍ക്കപ്പുറം തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുമന്ന വിശ്വാസത്തോടെ

    ReplyDelete
  2. നന്നായി വരട്ടെ !
    (മറയുന്നു)

    ReplyDelete
  3. Nalla udyamam.. ella ashamsakalum, prarthanakalum.

    ReplyDelete